കൊച്ചി : എറണാകുളത്ത് നാല് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി സിപിഐഎം നേതാവ്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബി കെ സുബ്രമണ്യനെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിചയമുള്ള വീട്ടിലെ നാലു വയസുള്ള പെണ്‍കുട്ടിയ്‌ക്കെതിരെയാണ് 56 വയസ്സുള്ള പ്രതി പീഡിപ്പിച്ചത്. കേസ് എടുത്ത് ആറു ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് രക്ഷിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഐഎം നേതൃത്വമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ജനുവരി 12 ഞായറാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാൻ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോൾ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.
ജനുവരി 15 ന് പൊലീസിൽ കേസ് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിക്ക് പീഡനമേറ്റ വിവരം സ്ഥിരീകരിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പാർട്ടിയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും സഹായം നൽകുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൊന്ന് കളയുമെന്നടക്കമുള്ള ഭീഷണി പ്രതിയുടെ മക്കൾ മുഴക്കിയെന്നും കുഞ്ഞിന്റെ രക്ഷിതാക്കൾ ആരോപിക്കുന്നു. ജോലിക്ക് പോകോനോ, അത്യാവശ്യത്തിന് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണെന്നും പിതാവ് പറയുന്നു. ഒപ്പം കേസിൽ നിന്ന് പിന്മാറാൻ വാഗ്ദാനങ്ങൾ നൽകി സ്വാധീനിക്കാനും പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ സിഡബ്ല്യൂസിക്ക് പരാതി നൽകിയിരുന്നു.ഇത് പ്രകാരം മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തരല്ല എന്നാണ് രക്ഷിതാക്കൾ ആവർത്തിച്ച് പറയുന്നത്.
Content highlights: CPIM leader sexually assaults four-year-old girl; police fail to take action