എൻ എം വിജയൻ ജീവനൊടുക്കിയ കേസ്; പ്രതികളായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും

അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനോട് പ്രതികൾ പൂർണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം

dot image

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ കുറ്റാരോപിതരായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസമായ ഇന്നും തുടരും. കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, മൂന്നാം പ്രതി മുൻ കോൺഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനോട് പ്രതികൾ പൂർണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. അതേ സമയം കെകെ ഗോപിനാഥൻ്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയെന്ന് സൂചനയുണ്ട്.

രണ്ടു പ്രതികളും മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ ഓഫീസിൽ ഹാജരാകാൻ ജില്ലാ പ്രിൻസിപ്പൽ ചീഫ് സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു. അതേ സമയം, കേസിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്ണൻ എംഎൽഎ വരുന്ന 25-ാം തീയതിക്ക് മുമ്പായി ഏതെങ്കിലും ഒരു ദിവസം ഹാജരായാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനാൽ വരുന്ന മൂന്നു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരാകും. എൻഎം വിജയൻ്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനായി വിജിലൻസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.

Content highlight- Death of NM Vijayan; The interrogation of Congress leaders will continue for the second day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us