നെയ്യാറ്റിൻകര ഗോപൻ സമാധി കേസ്: അന്വേഷണം തുടരുമെന്ന് പൊലീസ്; രാസപരിശോധനാ ഫലത്തിന് ശേഷം തുടർനടപടി

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് പൂർണമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം

dot image

തിരുവനന്തപുരം - ബാലരാമപുരം ആറാലുമൂട് ഗോപന്റെ മരണത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നിർണായകമാണ്. അത് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് പൂർണമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. മക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം രാസ പരിശോധന ഫലം ലഭിച്ചാൽ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യൽ ആരംഭിക്കും

നെയ്യാറ്റിൻകര ഗോപൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാലുകളിൽ പഴക്കം ചെന്ന മുറിവുകൾ കണ്ടെത്തി. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാകാമെന്നാണ് വിദഗ്ദരുടെ നിഗമനം. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണമായോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഏറെ കാലമായി കിടപ്പിലായിരുന്നു ഗോപൻ. ഇതിന്റെ ഭാഗമായി ചെറിയ മുറിവുകളും,കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു.

ജനുവരി 17നായിരുന്നു ഗോപന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചത്. നടപടികള്‍ക്കുശേഷം വീണ്ടും മൃതദേഹം സംസ്‌കരിച്ചു. പൊലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത് സംസ്‌കാരം നടത്തിയത്. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഗോപന്റെ രണ്ട് മക്കളും ചടങ്ങുകളില്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. സ്ലാബ് പൊളിച്ചപ്പോൾ ഇരിക്കുന്ന നിലയിലായിരുന്നു ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലായിരുന്നു മൃതദേഹം. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

Content Highlights:Neyyatinkara Gopan Samadhi;Old wounds on legs, conflicting statements of relatives

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us