വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, തൻ്റെ പങ്ക് ബോധ്യപ്പെടുത്തിയാൽ മാത്രമേ പൊലീസുമായി സഹകരിക്കുകയുള്ളൂ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിൽ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് ആദ്യം തന്റെയടുത്ത് വന്ന് കാര്യങ്ങൾ ബോധിപ്പിക്കണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ എം വിജയന്റെ കുടുംബത്തോട് തനിക്ക് സഹതാപമുണ്ടെന്നും അവരെ ഞാൻ നാളെ കാണാൻ പോകുമെന്നും കെ സുധാകരൻ പറഞ്ഞു. ചോദ്യം ചെയ്യൽ സംബന്ധിച്ച തനിക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. കേസുകൾ കുറെ കണ്ടയാളാണ് താൻ എന്നും പിണറായി വിജയൻ തന്നെ ഒരുപാട് കേസുകളിൽ പ്രതിയാക്കുന്നുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി. തന്നെ പേടിപ്പിക്കാനും വിറപ്പിക്കാനും ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. പൊലീസുകാർ തൻ്റെ പങ്ക് എന്താണെന്ന് കൃത്യമായി പറഞ്ഞുതന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും കെ സുധാകരൻ പറഞ്ഞു. വയനാട് കോൺഗ്രസ് നേതൃത്വത്തിന് ഈ വിഷയത്തിൽ വീഴ്ചയുണ്ടെന്നും സുധാകരൻ തുറന്നുസമ്മതിച്ചു. എൻ എം വിജയൻ്റെ കുടുംബത്തെ സഹായിക്കാൻ സിപിഐഎം ധനസഹായം നൽകുമെന്ന് പറഞ്ഞതിനെയും സുധാകരൻ വിമർശിച്ചു. ആ പണം ഇത്തരത്തിൽ ബാധിക്കപ്പെട്ട സിപിഐഎം പ്രവർത്തകർക്ക് കൊടുക്കാനും സുധാകരൻ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ചർച്ചകൾ നടക്കുന്നത് സംബന്ധിച്ച ചോദ്യത്തോടും കെ സുധാകരൻ പ്രതികരിച്ചു. അത്തരത്തിലുള്ള ഒരു ചർച്ചകളും തനിക്ക് അറിയില്ലെന്നും ഈ സ്ഥാനം വിട്ടുകൊടുക്കില്ല എന്ന വാശി തനിക്കില്ല എന്നും സുധാകരൻ മറുപടി നൽകി. തൻ്റെ രാഷ്ട്രീയം സിപിഐഎം വിരുദ്ധ രാഷ്ട്രീയമാണെന്നും ആ പോരാട്ടം ഇനിയും തുടരുമെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയകാര്യസമിതിയിൽ തർക്കമുണ്ടായിട്ടില്ല എന്ന് ആവർത്തിച്ച സുധാകരൻ മറിച്ച് തെളിയിച്ചാൽ പറയുന്ന പണിയെടുക്കാമെന്ന് പറഞ്ഞ് മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
Content Highlights: K Sudhakaran on DCC treasurer death investigation