തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ട് താൻ കണ്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. സിഎജി റിപ്പോർട്ട് എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ലോകായുക്തക്ക് മുന്നിൽ പരാതി നൽകിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കിറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവന്‍ കിറ്റും ആ സമയത്ത് ലഭിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. മുൻനിര പോരാളികളെ സംരക്ഷിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയില്ലേ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ തുകയും നൽകിയത്. സിഎജിക്ക് വ്യക്തത ലഭിച്ചില്ലെങ്കിൽ സർക്കാർ വ്യക്തത നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. ഈ ഇടപാടിന്റെ ഭാഗമായി സർക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പിപിഇ കിറ്റിന് പൊതുവിപണിയേക്കാൾ 300 ഇരട്ടി പണം നൽകി
2020 മാർച്ച് 28-ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30-ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങി.
രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ കമ്പനിയ്ക്ക് പണം മുൻകൂറായി നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
Content Highlights: KK Shailaja said that she has not seen the CAG report on ppe kit