സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ സരസ് മേളയിലെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ചടങ്ങിലെ മുഖ്യാതിഥിയായ മോഹൻലാലിനെ വേദിയിൽ വെച്ച് സ്വീകരിക്കുന്ന ദൃശ്യമാണ് ശ്രദ്ധ നേടുന്നത്. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ, മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ ഹരിതകർമ സേനാംഗമായ പൊന്നമ്മയാണ്.
പരിപാടിയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാനാണ് നടൻ മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗമായ പൊന്നമ്മ ദേവരാജിനെ തിരഞ്ഞെടുത്തത്. മുഖ്യാതിഥിയെ സ്വീകരിക്കുന്നതിനായി സജി ചെറിയാൻ പൊന്നമ്മയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വലിയ ആരവമാണ് കാണികളിൽ നിന്നുണ്ടായത്. വേദിയിലെത്തിയ പൊന്നമ്മ നിറചിരിയോടെ മോഹൻലാലിന് പൂച്ചെണ്ട് നൽകുകയും അത് സ്വീകരിച്ച മോഹൻലാൽ, പൊന്നമ്മയുടെ ചേർത്ത് നിർത്തുകയും ചെയ്തു.
ഈ നിമിഷം വലിയ കരഘോഷമാണുണ്ടായത്. മോഹൻലാലിന് പൂച്ചെണ്ട് നൽകിയ ശേഷം തിരികെ പോകുന്ന പൊന്നമ്മയെ സജി ചെറിയാനും മന്ത്രി എം ബി രാജേഷും സന്തോഷപൂര്‍വം കെട്ടിപിടിക്കുന്നതും വീഡിയോയിൽ കാണാം. പ്രസംഗത്തിനിടയിൽ തനിക്ക് ലഭിച്ച പൂച്ചെണ്ടിന് മോഹൻലാൽ പൊന്നമ്മയ്ക്ക് നന്ദി പറയുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Content Highlights: Video of Mohanlal meets Chengannur Kudumbashree member Ponnamma viral