തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തെത്തുടർന്ന് സ്കൂളിന് അവധി നൽകി അധികൃതർ. വട്ടിയൂർക്കാവ് എൽപി സ്കൂളിനാണ് അവധി നൽകിയത്. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു.
ക്ലാസ് നടക്കുന്നുണ്ടോ എന്നറിയാൻ എഇഒ എത്തിയിരുന്നു. സ്കൂളിൻ്റെ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ബന്ധപ്പെട്ടവരെ അറിയിച്ച് റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കും. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിരുന്നു. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
Content Highlights: authorities have given a holiday to Vattiyoorkkav LP School due to strike