മൊഴിയിൽ ഉറച്ചുനിൽക്കുന്നു; ഇതുവരെ സംരക്ഷണം നൽകാത്ത പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ല: കലാ രാജു

മൊഴിയിൽ വ്യത്യാസമൊന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു

dot image

കൊച്ചി: സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് കത്തി കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തിയ ശേഷമായിരുന്നു കലയുടെ പ്രതികരണം.

സംഭവത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. മൊഴിയിൽ വ്യത്യാസമൊന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. എസ്എഫ്ഐ നേതാവ് വിജയ് രഘുവാണ് ഭീഷണിപ്പെടുത്തിയത്. ഇതുവരെ സംരക്ഷണം നൽകാത്ത പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ല. താൻ പറഞ്ഞവരെ അല്ല അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയത് ഡമ്മി പ്രതികളെയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കൃത്യനിർവ്വഹണം തസ്സപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് കേസ്.

കലാ രാജുവിനെ തട്ടികൊണ്ടുപോയതിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം. കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിൽ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം.

Content Highlights: kala raju says can't continue with party that hasn't given protection yet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us