തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പണിമുടക്കിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇന്ന് ഉദ്യോഗസ്ഥർ നടത്തിയ സമരം നീതീകരിക്കാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ ജീവനക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നതിൽ ഇടതു സർക്കാർ വിമുഖത കാണിക്കില്ലെന്ന് പറഞ്ഞ ടിപി രാമകൃഷ്ണൻ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് ആരുടെ കാലത്താണെന്നത് മറന്നു പോകരുതെന്നും ചൂണ്ടിക്കാട്ടി.
പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ്. എന്നാൽ ഇപ്പോൾ നടക്കുന്നത് വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ജീവനക്കാർ പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് സമരം നടത്തിയത്.
അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കും. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിരുന്നു. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
Content Highlights: LDF convener TP Ramakrishnan criticized today's strike led by government officials. TP Ramakrishnan said that today's strike by the employees cannot be justified