പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് മഞ്ജുഷ ഇന്ന് ജോലിക്ക് ഹാജരായില്ല. ജോലിക്ക് ഹാജരാകില്ലെന്ന് കാണിച്ച് മഞ്ജുഷ കത്ത് നല്‍കിയിരുന്നു.
നേരത്തെ ഏന്‍ജിഒ യൂണിയൻ്റെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവും ദീര്‍ഘകാലം എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായിരുന്നു. കോണ്‍ഗ്രസ്-സിപിഐ അനുകൂല സംഘടനകളിലും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
Content Highlights: Naveen Babu wife manjusha attent joint Council strike