കൊച്ചി: ബിഎൽഎഫ് ആൻഡ് എച്ച്ഡിഎഫ് ഭവന നിർമ്മാണ പദ്ധതി അവതാളത്തിൽ. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനായുള്ള ഫിഷറീസ് വകുപ്പിൻ്റെ പദ്ധതിയായ ബിഎൽഎഫ് ആൻഡ് എച്ച്ഡിഎഫ് പാതി വഴിയിൽ നിലച്ച മട്ടിലാണ്. 2017 - 18 കാലത്ത് ആരംഭിച്ച ഈ പദ്ധതിയിൽ 4158 പേരാണ് അപേക്ഷിച്ചത്. എന്നാൽ 1151 ഗുണഭോക്താക്കൾക്ക് മാത്രമാണ് ഇതിനോടകം വീട് ലഭിച്ചത്.
പദ്ധതി ആരംഭിച്ച എട്ട് വർഷം പിന്നിട്ടിട്ടും അർഹരായ ഭൂരിഭാഗം പേർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. 2022ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് അനന്തമായി നീളുന്നത്. പദ്ധതിയെ സംബന്ധിച്ചുള്ള വിവരാവകാശരേഖ റിപ്പോർട്ടറിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് കടലാക്രമണ ഭീഷണയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട സർക്കാരിൻ്റെ പുനർഗേഹം പദ്ധതി എങ്ങുമെത്തിയില്ലായെന്ന വാർത്ത റിപ്പോർട്ടർ പുറത്ത് വിട്ടത്. പദ്ധിതിയിൽ അപേക്ഷകരിൽ നാലിലൊന്ന് പേരെപ്പോലും പുനരധിവസിപ്പിക്കാൻ ഫിഷറീസ് വകുപ്പിന് കഴിഞ്ഞില്ല. ഇതുവരെ പുനരധിവസിപ്പിച്ചത് 3,012 കുടുംബങ്ങളെ മാത്രമാണ്. പുനരധിവസിപ്പിക്കാത്തതിനെ തുടർന്ന് 18,149 കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരാവകാശ രേഖയും റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
content highlight- No benefits even after eight years, BLF and HDF housing project in abeyance