കണ്ണൂർ: തനിക്കും ഭർത്താവിനുമെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ. തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങി എന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പി പി ദിവ്യ പറഞ്ഞു. ബിനാമി കമ്പനിയുമായി ചേർന്ന് പി പി ദിവ്യയുടെ ഭർത്താവ് നാല് ഏക്കർ ഭൂമി വാങ്ങിയെന്ന് മുഹമ്മദ് ഷമ്മാസ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി പി ദിവ്യയുടെ മറുപടി.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി പി ദിവ്യയുടെ മറുപടി. 'എന്റെ കുടുംബത്തിന് നേരെയുളള വ്യാജ പ്രചാരണം മറുപടി പറഞ്ഞേ പറ്റൂ. മുഹമ്മദ് ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് നാല് ഏക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ കെ എസ് യു നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രയും കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കർ ഭൂമിയും റിസോർട്ടും, ഭർത്താവിന്റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും,' പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
പി പി ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്നായിരുന്നു മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. പി പി ദിവ്യ ജില്ലാ പ്രസിഡന്റായിരിക്കെ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുകൾ നൽകിയിരുന്നത് ദിവ്യയുടെ ബെനാമി കമ്പനിക്കായിരുന്നു. കർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ ഡയറക്ടർ ആസിഫും ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്ന് ഷമ്മാസ് ആരോപിച്ചു.
ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11 കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു. പി പി ദിവ്യയുടെ ഭർത്താവ് അജിത്തും ആസിഫും ചേർന്ന് കണ്ണൂർ പാലക്കയം തട്ടിൽ നാല് ഏക്കർ ഭൂമി വാങ്ങിയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഭൂമി ഇടപാട് രേഖകളുമായാണ് മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിനെത്തിയത്.
Content Highlights: PP Divya Respond to Muhammed Sammas Allegations Against Her Husband