'വൈകാരിക സന്ദർഭങ്ങളിൽ ചേർത്തു പിടിക്കലിന് പകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് അദ്ധ്യാപകർക്ക് ചേരുന്നതല്ല'

ഉള്ളില്‍ അഗ്നിപര്‍വ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാര്‍?

dot image

പാലക്കാട്: പാലക്കാട് ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അധ്യാപകനെതിരെ കൊലവിളി നടത്തിയ വീഡിയോ പങ്കുവെച്ചതിനെതിരെ ഉന്നതവിദ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് വൈകാരിക സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുപിടിക്കല്‍ മതിയാകുമെന്നും അതിന് പകരം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

'പാലക്കാട് ജില്ലയിലെ ഒരു സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിര്‍ന്നവരോട്. ഉള്ളില്‍ അഗ്നിപര്‍വ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാര്‍? ആ കുഞ്ഞുങ്ങളാണോ? ഭഗ്‌നഭവനങ്ങളും സ്‌നേഹരഹിതമായ ചുറ്റുപാടുകളും മനസിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം. പ്രായപൂര്‍ത്തി ആകാത്ത ഒരു കുട്ടിക്ക്, തന്റെ വിദ്യാര്‍ത്ഥിക്ക് അവന്റെ വൈകാരിക സംഘര്‍ഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേര്‍ത്തു പിടിക്കലിന്റെ ഒരു ആര്‍ദ്രസ്പര്‍ശം മതിയാകും അവനില്‍ മാറ്റമുണ്ടാകാന്‍ എന്നു തോന്നുന്നു. അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അദ്ധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ല', മന്ത്രി പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ എത്രയോ മാതൃകാപരമായ കാര്യങ്ങള്‍ നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'കുഞ്ഞുങ്ങളും അദ്ധ്യാപകരും ചേര്‍ന്ന് പഠനം പാല്‍പ്പായസമാക്കുന്ന, സര്‍ഗ്ഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പങ്കുവെക്കാറുണ്ട്. അവയൊന്നും ഷെയര്‍ ചെയ്യാതെ, ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായി എന്ന് അനുഭങ്ങളുടെ വെളിച്ചത്തില്‍ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു', മന്ത്രി പറഞ്ഞു.

അതേസമയം തൃത്താല പൊലീസ് സ്റ്റേഷനില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചു. പിഴവ് പറ്റിയതാണെന്നും മാപ്പ് നല്‍കണമെന്നും വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു. കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകര്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് നല്‍കാനും അടുത്ത ദിവസം മുതല്‍ ക്ലാസില്‍ വരാന്‍ സൗകര്യമൊരുക്കാനും തീരുമാനമായി.

തൃത്താല പൊലീസ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാശിശു വികസന വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും. കുട്ടിയെ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതില്‍ അധ്യാപകര്‍ക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനല്‍ ആക്കാനില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതിലും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: R Bindu about Palakkad student issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us