വയനാട്: വയനാട്ടിൽ ജനപ്രതിനിധിയെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. നമരം പഞ്ചായത്ത് വാർഡ് മെമ്പർ ബെന്നി ചെറിയാനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വാർഡ് മെമ്പർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി എം.ആസ്യയ്ക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എൽഡിഎഫ് അംഗമായ ബെന്നി ചെറിയാന്‍ വോട്ട് ചെയ്തതോടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് 10 എൽഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും വിട്ടുനിന്നപ്പോൾ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബെന്നി ചെറിയാനുമായി ഇടതുപക്ഷം ബന്ധം അവസാനിപ്പിച്ചിരുന്നു. സംഭവത്തിൽ ബെന്നി ചെറിയാൻ്റെ കുടുംബം പൊലീസിൽ പരാതി നടത്തിയിട്ടുണ്ട്.
Content Highlights: Complaint that people's representative was beaten up by a group in Wayanad. Namaram Panchayat Ward Member Benny Cherian was beaten up