മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുമായി ലീഗ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സർക്കാരിനെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഇനിയും കാത്തിരിക്കാനാകില്ലന്ന് പിഎംഎ സലാം വ്യക്തമാക്കി. കാല താമസത്തിന് ജനങ്ങളോട് മറുപടി പറയാൻ കഴിയില്ല. സർക്കാരിനെ കാത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പണം തരുന്ന ആളുകളോട് ലീഗിന് നീതി പുലർത്തേണ്ടതുണ്ട്. സ്വന്തം വഴി നോക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
ചൂരൽമല മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുമായി ലീഗ് നേതാക്കൾ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പദ്ധതി വേഗത്തിലാക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും ചർച്ചയിൽ സമവായമായില്ല. പുനരധിവാസവുമായി ബന്ധപ്പെട്ട കാലതാമസം അംഗീരിക്കാനാകില്ലെന്നും ലീഗ് നേതാക്കൾ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആറ് മാസം ഇപ്പോൾ തന്നെ പിന്നിട്ടുവെന്നും ലീഗ് നേതൃത്വം മന്ത്രിയോട് പറഞ്ഞിരുന്നു.
ഇതിനിടെ പുനരധിവാസ പദ്ധതിയുമായി തനിച്ച് നീങ്ങാനായിരുന്നു മുസ്‌ലിം ലീഗിൻ്റെ കഴിഞ്ഞ സംസ്ഥാന ഭാരവാഹി യോഗത്തിലെ തീരുമാനം. എന്നാൽ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കൂടി പരിഗണിച്ച ശേഷം തീരുമാനം പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ധാരണ. പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ ലീഗിൻ്റെ കഴിഞ്ഞ സംസ്ഥാന ഭാരവാഹി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഒരു സ്ക്വയർ ഫീറ്റിന് 3000 രൂപ നിരക്കിൽ 1000 സ്ക്വയർ ഫീറ്റുള്ള വീടിന് 30 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അത്രയും തുക വരില്ലെന്നും 2000 രൂപ നിരക്കിൽ വീട് പണിയാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. നിലവിൽ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരുമായി സഹകരിക്കേണ്ട വാദമായിരുന്നു യോഗത്തിൽ ഉയർന്നത്.
ആറ് മാസമായിട്ടും പുനരധിവാസ പദ്ധതി ഏങ്ങുമെത്തിയില്ലായെന്നും ഇനിയും കാലതാമസം ഉണ്ടാകുമെന്നും യോഗത്തിൽ ആശങ്ക ഉയർന്നിരുന്നു. നിലവിൽ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കോടതി വ്യവഹാരങ്ങളും യോഗത്തിൽ ആശങ്കയായി ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ പുനരധിവാസം അനിശ്ചിതമായി നീണ്ടേക്കാമെന്നും അതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്വന്തം നിലയിൽ പുനരധിവാസ പദ്ധതിയുമായി നീങ്ങാൻ യോഗം തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഇപിസി കരാറുകാരായി നിയമിച്ചതിലും ഭാരവാഹി യോഗത്തിൽ എതിർപ്പുയർന്നിരുന്നു. അഴിമതി നടത്താനാണ് ഊരാളുങ്കലിനെ നിയമിച്ചതെന്ന് ഒരുവിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.
റവന്യൂ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ പുനരധിവാസം കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാനായി മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം വീണ്ടും ചേരും. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ കൂടി ചർച്ച ചെയ്ത ശേഷമാകും പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം മുസ്‌ലിം ലീഗ് പ്രഖ്യാപിക്കും.
Content Highlights: Wayanad Rehabilitation Muslim League Rejects Government