പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ്

'മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്'

dot image

പാലക്കാട്: ബ്രൂവറി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം എന്നിവ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടതില്ലെന്ന് ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്. അഞ്ച് ഏക്കറില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂവെന്നും കമ്പനി പ്രതിനിധികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എഥനോള്‍, മദ്യം എന്നിവ നിര്‍മ്മിച്ച ശേഷമുള്ള മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ, ഡ്രൈഡ് ഐസ് എന്നിവ നിര്‍മ്മിക്കും. കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ച രണ്ട് വര്‍ഷത്തിനുശേഷം ആറ് മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കും. ഇതില്‍ നിന്നും മൂന്ന് മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കാനാവും എന്നും അധികൃതര്‍ വിശദീകരിച്ചു.

1200 പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കും. കമ്പനി ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായാണ് ഇത്. ഉപയോഗശൂന്യമായ അരി ഉള്‍പ്പെടെയാണ് കമ്പനി മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അരിയുടെ ലഭ്യത കൂടി കണക്കിലെടുത്താണ് പാലക്കാട് തിരഞ്ഞെടുത്തതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പ്രളയം ബാധിക്കാത്ത മേഖലയായതിനാലാണ് എലപ്പുള്ളിയില്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചത്. അനുമതി നേടാന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ല. സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ, പൂര്‍ണ്ണമായ വിവരങ്ങള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Content Highlights: brewery controversy oasis Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us