ജിതിൻ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ നിരാശ; കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലാതെ ചേന്ദമം​ഗലം കേസ് പ്രതി റിതു ജയൻ

ജനരോഷം കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്

dot image

കൊച്ചി: തെളിവെടുപ്പിനിടെ ഒട്ടും പശ്ചാത്താപമില്ലാതെ കൊല നടത്തിയ വീട്ടിലേക്ക് കയറി ചേന്ദമം​ഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയൻ. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ജിതിൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ റിതു പൊലീസിനോട് നിരാശ പങ്കുവെയ്ക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് വൻ സന്നാഹവുമായാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.

പ്രതിയുടെ വീട്ടിലും കൊലപാതകം നടന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. നാളെയാണ് റിതുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് തിങ്കളാഴ്ച പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നല്‍കിയത്. വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പ്രതിയുടെ തിരിച്ചറിയൽ പരേഡും വിശദമായ ചോദ്യം ചെയ്യലും നടന്നിരുന്നു.

നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റി​തു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ വ്യക്തമായി. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴ്ത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി.

നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു. റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിട്ടുണ്ട്. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

Content Highlights: chendamangalam murder case accused rithu have no regret in the murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us