കൊച്ചി: കുത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡ് ചെയ്ത പ്രതികൾക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കേസിലെ 6 മുതൽ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. സി പി ഐ എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ജനുവരി 18നാണ് നടുറോഡിൽ, സംഘർഷത്തിനിടെ സിപിഐഎം പ്രവർത്തകർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നാണ് ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.
content highlight- Kala Raju Kidnapping Case; Bail for the accused