
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജു സിപിഐഎം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി റിപ്പോര്‍ട്ടറിന്. ബാങ്ക് പ്രസിഡന്റും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ സണ്ണി കുര്യാക്കോസ് കബളിപ്പിച്ചെന്ന് പരാതിയില്‍ ആരോപിച്ചു. കടബാധ്യത തീര്‍ത്തുതരാമെന്ന പേരില്‍ സ്ഥലം വില്‍ക്കാന്‍ നിര്‍ബന്ധിച്ചു. ക്വാറി ഉടമയാണ് സ്ഥലം വാങ്ങിയത്. ഇതിലൂടെ ഏരിയാകമ്മിറ്റി അംഗം വന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 2024 ഒക്ടോബറിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയത്. തന്നെ സഹായിക്കാന്‍ പാര്‍ട്ടിയല്ലാതെ മറ്റാരും ഇല്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
'കൂത്താട്ടുകുളം ഫാര്‍മേഴ് ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുത്തു. പല തവണ പലിശ അടച്ചു. 14 ലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍പ്പെടുത്തി അടച്ചുതീര്‍ക്കാന്‍ ബാങ്കില്‍ നിന്നും അറിയിപ്പ് കിട്ടി. മകളുടെ വിവാഹം കഴിഞ്ഞ സമയമായതിനാല്‍ അന്ന് കഴിഞ്ഞില്ല. പലകാരണങ്ങളാല്‍ മാനസികമായി തളര്‍ന്നിരിക്കുന്ന അവസരത്തില്‍ ബാങ്കില്‍ നിന്നും പണമടക്കാന്‍ നിരന്തരം ആവശ്യപ്പെടുകയും അടച്ചില്ലെങ്കില്‍ വസ്തു ജപ്തി ചെയ്യുമെന്നും അറിയിച്ചു. ബാങ്ക് പ്രസിഡന്റും പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗവുമായ സണ്ണി കുര്യാക്കോസിനോട് എന്റെ ദയവീയാവസ്ഥ പറയുകയും പണം അടക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കില്‍ നിന്നും ഭീഷണി തുടര്‍ന്നു'വെന്നും കലാ രാജു കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
'ബാങ്കിലെ അംഗമായിരുന്ന എന്റെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസമേ ആയുള്ളൂവെന്നും കുറച്ചുകൂടി സാവകാശം കിട്ടിയാല്‍ എന്റെ വസ്തു വിറ്റ് പണം അടച്ചുകൊള്ളാമെന്ന് ബാങ്കിൻ്റെ എംഡിയായ അഭിലാഷ് നമ്പൂതിരിയോട് കേണു പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവ് മാത്രമല്ലല്ലോ നാട്ടില്‍ ഒത്തിരിപ്പേര്‍ കൊവിഡ് വന്നു മരിച്ചിട്ടുണ്ടല്ലോ ബാങ്കിന് ഇതൊന്നും അറിയേണ്ട. പണം അടച്ചില്ലെങ്കില്‍ ബാങ്ക് വസ്തുവില്‍ കൊടികുത്തും എന്നും പറഞ്ഞ് ഭീഷണി മുഴക്കി. മാത്രമല്ല, എന്റെ ഭര്‍ത്താവിന്റെ പേരില്‍ ബാങ്കിലുള്ള ബാധ്യത മുഴുവന്‍ നിര്‍ബന്ധപൂര്‍വ്വം എന്റെ പേരിലേക്ക് ആക്കി എഴുതി വാങ്ങി. ഈ വക കാര്യങ്ങള്‍ ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസിനെ ധരിപ്പിച്ചപ്പോള്‍ എത്രയും വേഗം പണം അടച്ചില്ലെങ്കില്‍ വീടും സ്ഥലവും നഷ്ടപ്പെടുമെന്നും മറ്റൊന്നും ചെയ്യാനില്ലെന്നും പറഞ്ഞ് സഖാവ് കൈമലര്‍ത്തി', പരാതിയില്‍ പറയുന്നു.
'തുടര്‍ന്ന് സാബു കുരങ്ങോലില്‍ എന്ന പാറമട മുതലാളി ഞങ്ങളുടെ വീടും സ്ഥലവും വാങ്ങാന്‍ തയ്യാറാണെന്നും ആ പണം വാങ്ങി ബാങ്കിന്റെ ഇടപാട് തീര്‍ക്കണമെന്നും സണ്ണി കുര്യാക്കോസ് ആവശ്യപ്പെട്ടു. ബാങ്കിന്റെ ഈടുവസ്തു മാത്രം വിറ്റാല്‍ കടം തീരുമല്ലോ എന്ന് പറഞ്ഞപ്പോള്‍ മൊത്തം വസ്തു കിട്ടിയാലേ സാബു എടുക്കുകയുള്ളൂവെന്നും കൊവിഡ് കാലമായതിനാല്‍ വസ്തുവിന് വില കുറഞ്ഞുപോയി. ആര്‍ക്കും വസ്തു ആവശ്യമില്ല എന്നും പറഞ്ഞു. അങ്ങനെ സെന്റിന് മൂന്നര ലക്ഷം രൂപവെച്ച് ജപ്തി ഭീഷണി മുഴക്കി മുഴുവൻ സ്ഥലവും നിര്‍ബന്ധിച്ച് വില്‍പ്പിച്ചു. ഒരു കോടി അഞ്ച് ലക്ഷം രൂപ മൊത്തവിലയില്‍ നിന്നും അഞ്ചരലക്ഷം രൂപ ആദ്യഗഡുമായി കിട്ടിയത് മുഴുവന്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ സസ്‌പെന്‍ഡ് അക്കൗണ്ടില്‍ നിക്ഷേപിക്കാനാവശ്യപ്പെട്ടു. ബാങ്കിലടച്ച തുക എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഇപ്പോഴും അറിയില്ല. ബാങ്കിലെ പല കാര്യങ്ങളെക്കുറിച്ചും ചോദിക്കാന്‍ പേടിയായിരുന്നു. കളിയാക്കലും ഭീഷണിയുമാണ് മറുപടി. നിജസ്ഥിതി അറിയാന്‍ അമ്മ ബാങ്കില്‍ പോയപ്പോള്‍ ബോധമില്ലാത്ത നിങ്ങളെന്തിനാ ബാങ്കില്‍ വന്നതെന്ന് ചോദിച്ച് അധിക്ഷേപിച്ച് ഇറക്കിവിട്ടു. പിന്നീട് വക്കീലിനെ വെച്ച് അന്വേഷിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ ഇടപെടില്‍ പ്രശ്‌നം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടുകളില്‍ കബളിപ്പിക്കപ്പെട്ടു', എന്നും പാർട്ടിക്ക് നൽകിയ പരായിൽ കലാ രാജു വ്യക്തമാക്കുന്നു.
പല പ്രതിസന്ധിയില്‍പ്പെട്ടു നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനമോ കൃത്യനിര്‍വഹണമോ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കൂത്താട്ടുകുളത്തെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല എന്നും പരാതിയിലൂടെ കലാ രാജു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
Content Highlights: Kala Raju Letter to cpim State Leadership get to Reporter Tv