തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഡിഎംഒ നിയമന ഉത്തരവിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ. കൊല്ലത്തേക്ക് സ്ഥലം മാറ്റിയ കണ്ണൂര്‍ ഡിഎംഒ ഡോക്ടർ പീയുഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി. സ്റ്റേ നിലവില്‍ വന്നതോടെ ഡോ. ആശാദേവിയെ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചത് ഉള്‍പ്പടെയുള്ള പുതിയ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞു.
നിലവിൽ കോഴിക്കോട് ഡിഎംഒ ആയി ഡോ. രാജേന്ദ്രന്‍ തുടരും.
ആശാദേവിക്ക് വേണ്ടിയാണ് ആരോഗ്യ വകുപ്പ് രണ്ട് ഉത്തരവും ഇറക്കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നേരത്തെ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു സംസ്ഥാനത്തെ നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. സ്ഥലമാറ്റം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങി.
പരാതിയുള്ള ഉദ്യോഗസ്ഥരെ കേട്ട ശേഷം ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുക്കാനായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരെ കേള്‍ക്കുമെന്ന് വ്യക്തമാക്കിയ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ദിവസങ്ങളായി കസേര ഒഴിയാതെ പിടിച്ചു നിന്ന എന്‍ രാജേന്ദ്രന്‍ ഓഫീസ് വിടേണ്ടി വന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹം അനുകൂല വിധി നേടിയെടുക്കുകയും ഡിഎംഒ ആയി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
ഒരു മാസത്തിനകം പുതിയ തീരുമാനമെടുക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതനുസരിച്ചാണ് ആരോഗ്യ വകുപ്പ് ഇന്നലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഇതിന് പിന്നാലെയാണ് പീയുഷ് നമ്പൂതിരി ഹർജി നൽകിയത്.
Content Highlights: Kerala Administrative Tribunal Give Stay on DMO Appointment