മലപ്പുറം: മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ നടത്തിയ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കൾ. സമസ്ത നേതാക്കളായ നാസർ ഫൈസി കൂടത്തായിയും സത്താർ പന്തല്ലൂരുമാണ് കാന്തപുരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ഇസ്ലാമിലെ സ്ത്രീകളും പുരുഷന്മാരും എങ്ങിനെ ജീവിക്കണമെന്ന് ഇസ്ലാമിക പണ്ഡിതന്മാർ പറയുമെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. ഭരണഘടന നൽകുന്ന അവകാശത്തിനകത്ത് നിന്ന് മതനിർദേശങ്ങൾ പണ്ഡിതന്മാർ പറയുമെന്നും അവ സ്വീകരിക്കുന്നവർക്ക് മാത്രമേ അത് ബാധകമാകൂ എന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ നിലപാട്. ഒരു വിഷയത്തിലെ പിന്തിരിപ്പും പരിഷ്കൃതവും തീരുമാനിക്കുന്നത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ നരബാധിച്ച രാഷ്ട്രീയ കൊടിമരങ്ങളല്ലെന്ന വിമർശനവും സിപിഐഎമ്മിനെ ലക്ഷ്യമിട്ട് നാസർ ഫൈസി നടത്തി. പുരോഗമന രാജ്യങ്ങൾ ജൻഡർ ന്യൂട്രാലിറ്റി വലിച്ചെറിയുമ്പോൾ ഇസ്ലാമിൽ ലിംഗവിവേചനമല്ല വിവഛേദമാണെന്ന് ലോകം തിരിച്ചറിയുന്നുവെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രതികരണം.
മതകാര്യങ്ങളിൽ മതപണ്ഡിതന്മാർ മതവിശ്വാസികളെ ഉപദേശിക്കും, ആ ഉപദേശത്തെ മോശമായി ചിത്രീകരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം. മതപണ്ഡിതന്മാർ വിശ്വാസികളെ ഉപദേശിക്കുമ്പോൾ അതിനെ അടച്ചാക്ഷേപിച്ചാൽ ഇക്കാര്യത്തിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായിരിക്കുമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.
'മതപരമായ വിഷയങ്ങൾ വരുന്ന സമയത്ത് മതകാര്യങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ ആ സമൂഹത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കും. മതപരമായ കാര്യങ്ങളിൽ പണ്ഡിതന്മാർ സമുദായത്തിന് ആവശ്യമായ ഉപദശങ്ങൾ കൊടുക്കുമ്പോൾ ആ ഉപദേശത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ആളുകൾ അതിനെ പരിഹസിക്കേണ്ട ആവശ്യമില്ല. മുസ്ലിം സമുദായത്തിൻ്റെ ഉത്തരവാദിത്വപ്പെട്ട പണ്ഡിതന്മാർ, അത് സമസ്തയുടെ പണ്ഡിതന്മാരാകാം അല്ലാത്ത പണ്ഡിതന്മാരാകാം ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടു കൊണ്ട് ഇസ്ലാമിക വിധി പറഞ്ഞാൽ ആ വിധി സ്വീകരിക്കാൻ മതവിധി അംഗീകരിക്കുന്നവരെ ബാധ്യസ്ഥരുള്ളു. മതവിശ്വാസമില്ലാത്ത ആളുകൾ അതിൽ കയറി അഭിപ്രായം പറയേണ്ട ആവശ്യമില്ല. മതവിശ്വാസമില്ലാത്ത ആളുകൾ, മതവിരുദ്ധരായ ആളുകൾ മതനിഷേധികൾ അതിൽ അഭിപ്രായം പറയേണ്ട അവർക്കതിൽ റോളില്ല. മതപണ്ഡിതന്മാർ ഉപദേശിക്കുന്നത് മതവിശവാസികളെയാണ്' എന്നായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം എസ്കെഎസ്എസ്എഫിൻ്റെ ആദർശ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം.
നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തിയുള്ള പിഎംഎ സലാമിൻ്റെ പ്രതികരണം. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നതോടെയാണ് വിഷയം മുസ്‌ലിം ലീഗും സമസ്തയും ഏറ്റെടുത്തത്.
സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമായിരുന്നു കാന്തപുരത്തിൻ്റെ നിലപാടിനോടുള്ള എം വി ഗോവിന്ദൻ്റെ വിമർശനം. സിപിഐഎം സ്വീകരിക്കുന്ന സ്ത്രീപക്ഷ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് കാന്തപുരം എം വി ഗോവിന്ദന് മറുപടി നൽകിയിരുന്നു. എം വി ഗോവിന്ദൻ്റെ ജില്ലയിൽ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനത്തിനുള്ള കാന്തപുരത്തിൻ്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു.
Content Highlights: Samastha leaders supported Kanthapuram A P Aboobacker Musliyar