എറണാകുളം: നടി സാന്ദ്ര തോമസിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് ബി ഉണ്ണികൃഷ്ണന്‍. സാന്ദ്രയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഏത് രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്നും നാളിതുവരെ താനും സാന്ദ്ര തോമസുമായി ഇരുന്ന് ഒരു യോഗം നടന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
സാന്ദ്രാതോമസിന്റെ ആരോപണങ്ങളില്‍ മൗനം പാലിച്ചത് അവര്‍ കടന്നുപോകുന്ന മാനസികാവസ്ഥ മനസ്സിലാക്കുന്നതുകൊണ്ടാണ്. നീ എന്ന് ആരെയും വിളിക്കാറില്ല. വളരെ സൗഹാര്‍ദ്ദപരമായാണ് സാന്ദ്രയുമായി അവസാനം പിരിഞ്ഞത്. അവര്‍ക്ക് തെറ്റിദ്ധാരണയാണ് ഉള്ളത്. സാന്ദ്രയുടെ എല്ലാ സിനിമകളിലും എത്ര പരാതി വന്നിട്ടുണ്ടെന്നതിന്റെ കണക്ക് ഫെഫ്കയുടെ കയ്യിലുണ്ട്. സാന്ദ്രയുമായി സഹകരിക്കരുതെന്ന് ആരോടും പറഞ്ഞിട്ടില്ല. ആവശ്യമുള്ള കാര്യങ്ങള്‍ക്കേ താന്‍ മാധ്യമങ്ങളെ കാണാറുള്ളൂവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. ഈ പരാതിയിലാണ് ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.
സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയില്‍ പറയുന്നു. സംഘടനയില്‍ വെച്ച് നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.
നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.
Content Highlight: b unnikrishnans replay to sandra thomas