കല്‍പ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വനംവകുപ്പ്. കുങ്കിയാനകളെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാനാണ് തീരുമാനം. 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുകയാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചു. പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി ഉള്‍പ്പെടുത്തിയെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വനംവകുപ്പ് സ്വീകരിച്ച തുടര്‍നടപടികള്‍
- തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നു.
- ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗ ഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
- ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
- പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി നിയോഗിച്ചിട്ടുണ്ട്.
- തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നു.
- നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞവ കൂടാതെ, സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകളും പ്രദേശത്ത് വിന്യസിക്കുന്നതിനായി കൊണ്ടുവരുന്നു.
- നോര്‍ത്ത് വയനാട് ഡിഎഫ്ഒ ശ്രീ മാര്‍ട്ടിന്‍ ലോവല്‍ ഐഎഫ്എസിനെ ഓപ്പറേഷന്‍ കമാന്‍ഡറായി ഇന്‍സിഡന്റ് കമാന്‍ഡ് രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് ശ്രീമതി കെ എസ് ദീപ ഐഎഫ്എസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു വരുന്നു.
- പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയെ പിടികൂടുന്നതിനുള്ള കൂടുകള്‍ സ്ഥാപിച്ചു
- ഓപ്പറേഷന്‍ സുഗമമായി നടത്തുന്നതിന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ വയനാട് ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
- മുത്തങ്ങ ആന ക്യാമ്പില്‍ നിന്നുള്ള കുങ്കിയാനകളെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും.
Content Highlights: Forest Ministry announce procedure in Mananthavady tiger attack