തിരുവനന്തപുരം: കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറായില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പ്. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പൊലീസിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജോൺസൺ പറഞ്ഞു.
കൊല്ലം സ്വദേശിയായ ജോൺസണെ കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് പിടികൂടിയത്.
എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശി ആതിരയെ ലൈംഗികബന്ധത്തിനിടെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയിൽ നിന്നും രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപമെത്തി.
പിന്നീട് ആതിര മകനെ സ്‌കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ ഒളിച്ച് നിൽക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ ആശയവിനിമയം നടത്തിയെന്നും മൊഴിയിലുണ്ട്. ആതിരയുടെ ഭർത്താവ് പൂജാരിയാണ്. ഭർത്താവ് അമ്പലത്തിൽ പോയതും, കുട്ടി സ്കൂളിൽ പോയതും ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി വീടിനുള്ളിൽ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നൽകിയെന്നും മൊഴിയുണ്ട്. ഈ സമയത്ത് കൈയിൽ കരുതിയിരുന്ന കത്തി ജോൺസൺ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയിൽ ഒളിപ്പിക്കുകയായിരുന്നു.
പിന്നീട് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു പ്രതി. ജോൺസൺ ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനാൽ ഷർട്ട് വീട്ടിൽ തന്നെ ഉപേക്ഷിച്ച ശേഷം ആതിരയുടെ ഭർത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം താൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു എന്നും പ്രതി പറയുന്നു. എന്നാൽ മരിക്കാതെ വന്നാൽ നാട്ടുകാരുടെ മർദനമേൽക്കേണ്ടിവരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നതെന്നും പ്രതി മൊഴി നൽകി.
കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാൾ ഇപ്പോൾ കുടുംബവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ ആതിരയെ ഇയാൾ നിർബന്ധിച്ചു. ആതിര എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് കഠിനംകുളം പൊലീസിന്റെ നിഗമനം.
Content Highlights: kadinamkulam athira murder case updates