വയനാട്: വയനാട് മാനന്തവാടി പഞ്ചാരക്കൊലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് അടിയന്തിരമായ നടപടികൾ വേണമെന്ന് പ്രിയങ്ക ഗാന്ധി അനുശോചന കുറിപ്പിൽ പറഞ്ഞു.
മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.
കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു. സാധാരണഗതിയില്‍ കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മരിച്ച രാധയുടെ മൃതദേഹം നാളെ സംസ്കരിക്കും.
Content Highlights: In her condolence note, Priyanka Gandhi said that urgent steps are needed for a permanent solution to this most important issue