ആലപ്പുഴ : ചെങ്ങന്നൂർ എം സി റോഡിൽ പിക്അപ്പ് വാനിന്റെ പഞ്ചർ ഒട്ടിച്ചുകൊണ്ടിരിക്കേ പിറകിൽ നിന്നും വന്ന കണ്ടെയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ദാരുണമായ സംഭവം. ഡ്രെെവർ സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. തൃശൂർ ജില്ലയിലെ അളഗപ്പനഗർ പഞ്ചായത്തിൽ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനൻ്റെ മകൻ സുധീഷാണ് (39) മരണപ്പെട്ടത്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അലൂമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷിൻ്റെ പിക്അപ്പ് വാൻ ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപം പഞ്ചറായതിനെതുടർന്ന് ടയർ മാറ്റിയിടുന്നതിനായി റോഡിൻ്റെ സൈഡിൽ കുതിരവട്ടം പെട്രോൾപമ്പിനു സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പഞ്ചറായ ടയർ മാറ്റി പുതിയർ ടയറിട്ട് വണ്ടിയിൽ നിന്നും ജാക്കി ഊരി എടുക്കുമ്പോൾ പുറകിൽ നിന്നും സാനിറ്ററി സാധനങ്ങളുമായി വന്ന കണ്ടെയ്നർ ലോറി ഇടിച്ച് അലൂമിനിയം ഷീറ്റിൽ തലയിടിച്ച് സുധീഷ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പിക് അപ്പ് വാൻ ടയർ മാറ്റിയിടുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും അതാണ് അപകടത്തിനു കാരണമായതെന്നും കണ്ടെയ്നർ ലോറി ഡ്രൈവർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
Content highlights : puncture was being patched; lorry hit man,tragicend