മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്റെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം മിന്നുമണി തന്നെയാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചനാണ് രാധയുടെ ഭര്‍ത്താവ്.
മിന്നുമണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു, മിന്നുമണി
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. കാപ്പിക്കുരു പറിക്കുന്നതിനിടെ, പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. രാധയെ കടുവ 100 മീറ്ററോളം ദൂരം വലിച്ചിഴച്ചു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം കടുവ ഭക്ഷിച്ചിരുന്നു. തണ്ടര്‍ബോള്‍ട്ട് ടീമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം വാര്‍ത്തയായതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെതിരെയും ജനരോഷം ഉയര്‍ന്നു. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറും. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ കൊല്ലാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
Content Highlights- she is my uncles wife minnu mani on radha who dies of tiger attack in wayanad