അഭിമന്യൂ കൊലപാതകം; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

പ്രാരംഭ വിചാരണ നടപടികള്‍ക്കായാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്

dot image

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യൂ കൊല്ലപ്പെട്ട കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. പ്രാരംഭ വിചാരണ നടപടികള്‍ക്കായാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് ത‍ർക്കത്തെ തുട‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. കേസിലെ പതിനാറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമ‍ർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.

Content Highlights: The trial court will hear Abhimanyu's murder case today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us