യൂണിവേഴ്‌സിറ്റി കോളേജിലെ മര്‍ദ്ദനം; പരാതി വ്യാജം, പ്രവര്‍ത്തകര്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് ആര്‍ഷോ

'മോഹന്‍ കുന്നുമ്മല്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്'

dot image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി
വ്യാജമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. എസ്എഫ്‌ഐക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ചില മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ്. കേസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ജാമ്യം ലംഘിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. കെഎസ്‌യു ഉള്‍പ്പെടെ നടത്തുന്ന ആക്രമണങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

അതേസമയം കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമലിനെ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. വിസി പണിയെടുക്കാന്‍ മോഹന്‍ കുന്നുമ്മലിനെ അനുവദിക്കില്ല. ചുമതലയുള്ള യൂണിവേഴ്‌സിറ്റികളില്‍ മോഹന്‍ കുന്നുമ്മല്‍ എത്താറില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് നടന്നതാണ്. യൂണിയനിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതാണ്. നാലുമാസമായി യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കാന്‍ അനുവദിച്ചിട്ടില്ല. മോഹന്‍ കുന്നുമ്മല്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിരവധി പരിപാടികള്‍ ഇത് മൂലം മുടങ്ങി കിടക്കുകയാണ്. കലോത്സവം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ഇത് വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കിനെ അടക്കം പ്രതിസന്ധിയില്‍ ആക്കുന്നുവെന്നും എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. ആര്‍എസ്എസിന്റെ പണിയാളായി കെഎസ്‌യു മാറിയെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല എന്നാണ് കെഎസ്‌യു പറയുന്നത്. വിസിയുടെ തിട്ടൂര പ്രകാരമാണ് കെഎസ്‌യു നിലപാട്. സര്‍വകലാശാലയില്‍ മോഹന്‍ കുന്നുമ്മല്‍ കെഎസ്‌യു സഖ്യമാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.

Content Highlight: University College assault complaint is false says pm arsho

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us