'ഹർത്താൽ നിലവിലെ സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടാനുള്ള നാടകം'; മാനന്തവാടിയിലെ യുഡിഎഫ് ഹർത്താലിനെതിരെ ഇ പി ജയരാജൻ

യുഡിഎഫ് ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് ഇ പി ജയരാജൻ

dot image

വയനാട്: മാനന്തവാടിയിൽ യുഡിഎഫ് നടത്തുന്ന ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ നിന്ന് രക്ഷനേടാനുള്ള കോൺഗ്രസ് നാടകമാണിതെന്നും, വിവാദങ്ങളിൽ നിന്ന് രക്ഷനേടാനാണ് ഈ പ്രതിഷേധങ്ങളെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയായ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് യുഡിഎഫ് ഹർത്താൽ. ഈ ഹർത്താൽ ബോധപൂർവമാണെന്നും സംസ്ഥാന രാഷ്ട്രീയത്തിലും വയനാട്ടിലാകെയും ചർച്ച ചെയ്യുന്ന എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ നിന്ന് രക്ഷനേടാനുള്ള തന്ത്രമാണിതെന്നും ഇ പി കുറ്റപ്പെടുത്തി. വയനാട്ടിലെ ജനം കോൺഗ്രസിന്റെ ഈ അഴിമതിക്കെതിരെയും വഞ്ചനക്കെതിരെയുമെല്ലാം പ്രതികരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും രാധ കൊല്ലപ്പെട്ട സംഭവം അവസരമായി കോൺഗ്രസ് ഉപയോഗിക്കുകയാണ് എന്നും ഇ പി വിമർശിച്ചു.

ഇ പി ജയരാജന്റെ പോസ്റ്റ് പൂർണരൂപം

കടുവ അക്രമണത്തിൽ രാധ എന്ന സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് നടക്കുന്ന ഹർത്താലും പ്രതിഷേധങ്ങളുമെല്ലാം കോൺഗ്രസ് സംഘടിപ്പിക്കുന്നത് ബോധപൂർവമാണ്. സംസ്ഥാന രാഷ്ട്രീയത്തിലും വയനാട്ടിലാകെയും ചർച്ച ചെയ്യുന്ന വിഷയമാണ് കോൺഗ്രസ് നേതാവ് എൻ.എം വിജയന്റേയും മകന്റേയും ആത്മഹത്യ. ഇതിൽ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലാണ്. ഡിസിസി പ്രസിഡന്റ്, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ തുടങ്ങി കെപിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഐ.സി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സ്ഥാപനങ്ങളിൽ നേതൃത്വം നടത്തിയ അഴിമതികളിൽ പണം നഷ്ടപ്പെട്ട് സാമ്പത്തികമായി തകർന്ന എൻ.എം വിജയന്റേയും മകന്റേയും ആതമഹത്യ എല്ലാ മനുഷ്യരേയും ഏറെ വേദനിപ്പിക്കുന്നതാണ്. ഭാര്യയുടെ മരണവും മകൻ ഒറ്റപ്പെടുമെന്ന പ്രശ്നവും തുടങ്ങി എൻ.എം. വിജയൻ എന്ന കോൺഗ്രസ് നേതാവിനെ ആതമഹത്യയിലേക്ക് നയിച്ചത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും നെറികെട്ട പ്രവർത്തനങ്ങളാണ്.

വയനാട്ടിലെ ജനം കോൺഗ്രസിന്റെ ഈ അഴിമതിക്കെതിരേയും വഞ്ചനക്കെതിരെയുമെല്ലാം പ്രതികരിക്കുന്ന സാഹചര്യമാണ്. വയനാട്ടിൽ നിലവിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ ഹർത്താലും മറ്റ് പ്രതിഷേധങ്ങളും. കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ കടുവാ അക്രമണത്തിൽ രാധ എന്ന സഹോദരി കൊല്ലപ്പെട്ട ദാരുണവും സങ്കടകരവുമായ സംഭവം അവസരമായി ഉപയോഗിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ.

വന്യജീവി അക്രമണത്തെ പ്രതിരോധിക്കാൻ എല്ലാവരും രംഗത്തിറങ്ങി പ്രവർത്തിക്കുന്നവരാണ്. ഗവണ്മെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുന്നു. കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കൊല്ലാനാണ് ഉത്തരവിറക്കിയത്. ഈ സമരത്തിന്റെ ലക്ഷ്യം ഒന്നേ ഒള്ളു. അത് ജനങ്ങളുടെ താല്പര്യങ്ങളല്ല. മറിച്ച് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതിപ്രശ്നങ്ങളും നേതാവായിരുന്ന എൻ.എം വിജയന്റേയും മകന്റേയും ആത്മഹത്യയും തുടർന്നുള്ള നടപടികളും ജനങ്ങളിൽ നിന്ന് മറക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സമരം. ഇതിലൂടെ നിലവിൽ കോൺഗ്രസ് വിരുദ്ധമായ വയനാട്ടിലെ സാഹചര്യത്തിൽ നിന്ന് രക്ഷനേടാനുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. ഇതിന്റെയെല്ലാം ഭാഗമാണ് മാനന്തവാടിയിലെ കോൺഗ്രസ് ഹർത്താൽ.

Content Highlights: EP Jayarajan against Congress Harthal at Mananthavady

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us