
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ താത്ക്കാലിക നിയമനങ്ങളെക്കുറിച്ച് നിയമസഭയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍. നിയമസഭയിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാത്തത്. വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി.
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പനി ബോര്‍ഡ് കോര്‍പറേഷനുകളിലും അടക്കം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ നടത്തിയിട്ടുള്ള കരാര്‍/താത്ക്കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന കരാര്‍/താത്ക്കാലിക നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിച്ചില്ല എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇത് സംബന്ധിച്ച് സബ് ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. സംവരണ തത്വം പാലിച്ചാണോ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്?, പ്രസ്തുത സ്ഥാപനങ്ങളില്‍ എത്ര താത്ക്കാലിക ജീവനക്കാരെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സ്ഥിരപ്പെടുത്തി തുടങ്ങിയ ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഇതിനും വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിച്ചില്ല എന്നായിരുന്നു മറുപടി.
സര്‍ക്കാര്‍ നടപടി നിയമസഭയോടുള്ള അവഹേളനമെന്നായിരുന്നു രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. യുവജന രോഷം സര്‍ക്കാരിനെതിരെ തിരിയുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കാത്തത്. സര്‍ക്കാറിന് പിന്‍വാതില്‍ നിയമനം പുറത്തുവരുമെന്ന ഭയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights- govt not give answer to ramesh chennithalas question on temporary appointments