വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുൻകൂർ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിൽ ഐസി ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്.
ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ നൽകിയ മൊഴി.
കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു എൻ എം വിജയൻ. നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇരുവരേയും വിഷം കഴിച്ച് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ആദ്യം മകൻ ജിജേഷും പിന്നാലെ എൻഎം വിജയനും മരിച്ചു.
Content Highlights: ic balakrishnan mla arrested