
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്ത് വിളിക്കണമെന്ന് പറയുന്നില്ലെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. സിപിഐഎം ജില്ലാ സമ്മേളന വേദിയിലായിരുന്നു എം വി ഗോവിന്ദന്റെ ഈ വാക്കുകള്‍.
പൊതു ഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണം. ഇത് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന് മെക് 7നെ ലക്ഷ്യം വെച്ചു കൊണ്ട് കാന്തപുരം പറഞ്ഞിരുന്നു. ഇതിനെതിരെ എം വി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അത്തരക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമായിരുന്നു കാന്തപുരത്തിന്റെ നിലപാടിനോടുള്ള എം വി ഗോവിന്ദന്റെ വിമര്‍ശനം.
സിപിഐഎം സ്വീകരിക്കുന്ന സ്ത്രീപക്ഷ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് കാന്തപുരം എം വി ഗോവിന്ദന് മറുപടി നല്‍കിയിരുന്നു. എം വി ഗോവിന്ദന്റെ ജില്ലയില്‍ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനുള്ള കാന്തപുരത്തിന്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ ഇന്നത്തെ പ്രസ്താവന.
Content Highlights: MV Govindan again against Kanthapuram AP aboobacker musliar