കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; വീടിന് പിന്നിൽ കണ്ടുവെന്ന് കുട്ടികൾ; ഡ്രോൺ പറത്തി പരിശോധിച്ച് വനംവകുപ്പ്

നരഭോജി കടുവയുടെ സാന്നിധ്യമുളള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

dot image

വയനാട്: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ‌. പ്രദേശത്ത് വനംവകുപ്പും പൊലീസും പരിശോധന നടത്തി. പ്രിയദർശിനി എസ്റ്റേറ്റിന്റെ ഓഫീസിനോട് ചേർന്നുളള നൗഫൽ എന്നയാളുടെ വീടിന് സമീപത്തായിട്ടാണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ കണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്തേക്ക് എത്തിയത്. എന്നാൽ നാട്ടുകാരെ പൊലീസ് തടഞ്ഞു. പ്രദേശത്തുളളവർക്ക് പൊലീസ് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രദേശത്ത് ഡ്രോൺ ഉപയോ​ഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. ആർആർടി സംഘവും പരിശോധന നടത്തുന്നുണ്ട്. വീടിന് പിന്നിലായി കടുവയെ കണ്ടുവെന്ന് പ്രദേശവാസികളായ കുട്ടികളാണ് ആദ്യം അറിയിച്ചത്. കടുവയെ കണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ, കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്ന സർവ്വകക്ഷി യോ​ഗം അൽപസമയത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു.

'എന്റെ സുഹൃത്താണ് കടുവയെ കണ്ടത്. കുട്ടികളൊക്കെ പുറത്തിറങ്ങുന്ന സമയമാണിത്, അവർക്ക് ജാ​ഗ്രതാ നിർദേശം നൽകാനാണ് ഞങ്ങൾ വന്നത്. കുട്ടികളെയൊക്കെ വീടിനകത്താക്കി വാതിലടയ്ക്കാൻ വിളിച്ചുപറഞ്ഞു. പഞ്ചാരക്കൊല്ലിയിലെ വഴികൾ നാട്ടുകാർക്കല്ലേ അറിയൂ മറ്റ് ജില്ലകളിൽ നിന്ന് വന്ന പൊലീസുകാർക്ക് എന്ത് അറിയാം. പൊലീസ് എന്തിനാണ് ഞങ്ങളെ തടയുന്നത്', നാട്ടുകാരനായ അബ്ദുറഹിമാൻ റിപ്പോർട്ടറിനോട് പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് പ്ര​ദേശത്ത് തടിച്ചുകൂടിയ നാട്ടുകാരെ പൊലീസ് തിരിച്ചയച്ചു. നരഭോജി കടുവയുടെ സാന്നിധ്യമുളള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ എല്ലാവരും വീടുകളിൽ കഴിയണമെന്നും കർഫ്യൂ നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി ന​ഗരസഭ അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ; ടോൾ ഫ്രീ നമ്പർ: 112, തലപ്പുഴ പൊലീസ് സ്റ്റേഷൻ: 04935 256262, ഇൻസ്‌പെക്ടർ എസ്എച്ച്ഒ: 9497947334, മാനന്തവാടി പൊലീസ് സ്റ്റേഷൻ: 04935 240232, ഇൻസ്‌പെക്ടർ എസ്എച്ച്ഒ: 9497987199.

അതേസമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം വെളളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കൾ.

Content Highlights: Pancharakkolly Natives Says they Again sSee Tiger Forest Officials Continue Search

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us