കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്ര. വന നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന മുദ്രാവാക്യം യാത്രയുടെ ഭാഗമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ നിയമം പിന്‍വലിച്ചത് സമരത്തിന്റെ ആദ്യ വിജയമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
മലയോര മേഖലയിലെ മത - സാമുദായിക നേതാക്കളെയും യാത്രയുടെ ഭാഗമായി പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെ സമര യാത്രയുടെ പ്രധാന്യം വര്‍ധിക്കുകയാണ്. മറ്റന്നാള്‍ മുതലാണ് പര്യടനം ആരംഭിക്കുന്നത്.
Content Highlights: UDF Malayora samara yathra begins Today