തിരുവനന്തപുരം: പാര്‍ട്ടി അറിയാതെ സര്‍വ്വെ നടത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പാര്‍ട്ടിക്കകത്ത് വിമർശനം ഉയരവെ പിന്തുണച്ച് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവിന്റെ സര്‍വ്വേയില്‍ തെറ്റില്ലെന്നും ഇത്തരത്തില്‍ സര്‍വ്വേകള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി നേതാവിന്റെ ഭരണത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും പിണറായിയെ ഭരണത്തില്‍ നിന്നും ഇറക്കുന്നതുവരെ തങ്ങള്‍ക്ക് വിശ്രമം ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പാട്ടുപാടിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. മന്ത്രി കേരളത്തോട് മാപ്പ് പറയണം. റോമാ സാമ്രാജ്യം കത്തിയപ്പോള്‍ ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് എ കെ ശശീന്ദ്രന്റെ പ്രവര്‍ത്തിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കടുവാ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ കനത്ത പ്രതിഷേധം നടക്കവെയാണ് മന്ത്രി കോഴിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിനും മാത്രമാണ് താല്‍പര്യമെന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഐക്ക് പോലും താല്‍പര്യമില്ല. പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യത പരിശോധിക്കുന്ന സര്‍വ്വേ വി ഡി സതീശന്‍ സംഘടിപ്പിച്ചിരുന്നു. 63 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു സര്‍വ്വേ റിപ്പോര്‍ട്ട്. ജനുവരി 9 ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ എ പി അനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സര്‍വ്വെ നടത്തിയതെന്ന് എ പി അനില്‍ കുമാര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും ഈ ചര്‍ച്ചയില്‍ പക്ഷം ചേര്‍ന്നില്ലെങ്കിലും രഹസ്യ സര്‍വ്വേ കോണ്‍ഗ്രസില്‍ വിവാദമായിരിക്കുകയാണ്.
Content Highlights: K Muraleedharan Support opposition Leader V D Satheesan over Survey