പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. പദ്ധതി വന്നാല്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ആശങ്ക അറിയിച്ചു.
മഴവെള്ള സംഭരണി വഴി ജലം എന്നത് അപ്രായോഗികമാണ്. പാര്‍ട്ടി മന്ത്രിമാര്‍ കുറച്ച്കൂടി ജാഗ്രത പാലിക്കണം. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.
ബ്രൂവറിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സിപിഐ എന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നെങ്കിലും കുടിവെള്ളം മുടക്കി വികസനം വേണ്ടെന്ന പരസ്യപ്രതികരണം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയിരുന്നു.
'ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല', എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Content Highlights: No need for a brewery in Elapulli cpi palakkad district committee