പാലക്കാട്: യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ മുന്നോട്ടുതന്നെയെന്ന് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു. പ്രശാന്ത് ശിവന് അനുകൂലമായ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍മാരായ സ്മിതേഷ്, സാബു, ലക്ഷ്മണന്‍, വനിത എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും കൗൺസിലർ സ്ഥാനം രാജിവെച്ചേക്കും.
പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്ത നടപടിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തിയത്. നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. പ്രശ്‌നത്തില്‍ സമവായത്തിനില്ലെന്ന് കെ സുരേന്ദ്രന്‍ നിലപാട് കടുപ്പിച്ചതോടെയാണ് രാജി തീരുമാനത്തിൽ ഉറച്ച് നേതാക്കള്‍ രംഗത്തെത്തിയത്. രാജി സന്നദ്ധത അറിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് തന്നെ കത്ത് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം എടുത്തതെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ നേതൃത്വം തീരുമാനിച്ചവര്‍ തുടരും. അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും കഴിയില്ല. എത്ര വലിയ ഉന്നതനാണ് എതിര്‍ക്കുന്നതെങ്കിലും കാര്യമാക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Content Highlights- palakkad corporation councillors on their resignation decision