പാലക്കാട്: വര്‍ഗീയ ചേരി വിട്ടുവരുന്ന ആരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മതേതര കാഴ്ചപ്പാടിനൊപ്പം പരമാവധി ആളുകള്‍ വരണം. വര്‍ഗീയ ചേരിയില്‍ നിന്നും ഒരാള്‍ വിട്ടാല്‍ പോലും അതല്ലേ നല്ലതെന്നും രാഹുല്‍ പ്രതികരിച്ചു. പാലക്കാട്ടെ ബിജെപി കൗണ്‍സിലര്‍മാരടക്കം വിമതയോഗം വിളിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ബിജെപിക്കകത്തെ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയമാണ്. വര്‍ഗീയ പാര്‍ട്ടികള്‍ വിട്ടു വരുന്ന ആരെയും കോണ്‍ഗ്രസ് സ്വീകരിക്കും. നിലവില്‍ ബിജെപി കൗണ്‍സിലറുമാരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയോ എന്ന കാര്യം എനിക്കറിയില്ല', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ബിജെപി പാലക്കാട് എത്തിച്ചേര്‍ന്നിരിക്കുന്ന നേതൃ ചൂഷണത്തില്‍ വലിയ ശതമാനം അണികള്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അതിന്റെ പ്രതിഫലനം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കണ്ടതാണ്. വര്‍ഗീയ പ്രത്യയശാസ്ത്രം വിട്ട് ആരുവന്നാലും സ്വീകരിക്കും. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മതേതര കാഴ്ചപ്പാടിനൊപ്പം പരമാവധി ആളുകള്‍ വരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ആറോളം പേര്‍ രാജി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഇവര്‍ രാജി വെച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ രാജിക്കൊരുങ്ങുന്ന മുതിര്‍ന്ന നേതാക്കളായ കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നെന്നാണ് സൂചന. നിലവില്‍ യാക്കരയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കൗണ്‍സിലര്‍മാര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കില്‍ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
Content Highlights: Rahul Mamkootathil Reaction over Palakkad BJP Conflict