പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ ചെന്താമര കൊടും ക്രിമിനല്‍. കൃത്യമായി പദ്ധതിയൊരുക്കി ആസൂത്രിതമായായിരുന്നു നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ ഉപയോഗിച്ച് ആദ്യം വെട്ടി. ശബ്ദം കേട്ട് ഇറങ്ങിവന്ന അമ്മ മീനാക്ഷിയെ അതിന് ശേഷം വെട്ടിവീഴ്ത്തി. ഇതിന് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസും നാട്ടുകാരും നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ്.
ചെന്താമരയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം ചെന്താമരയെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്.തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്.
ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും പറഞ്ഞു. കഴിഞ്ഞ 29ന് രേഖാമൂലം പൊലീസിന് പരാതി നല്‍കി. ചെന്താമരയെ പേടിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകുമായിരുന്നില്ല. അച്ഛന് അവിടെ താമസിക്കാന്‍ പേടിയായിരുന്നു.പ്രതി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം സ്ഥിരമായി തങ്ങളെ നിരീക്ഷിക്കാറുണ്ടായിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കും. മാനസിക പ്രശ്‌നമാണെന്ന് നടിച്ചാണ് അയാള്‍ ഇതെല്ലാം ചെയ്തിരുന്നതെന്നും മകള്‍ അഖില വ്യക്തമാക്കി.
സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ ചെന്താമര കൃത്യത്തിന് തൊട്ടുമുന്‍പ് തന്നെ കാണിച്ചതായി അയല്‍വാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി വ്യക്തമാക്കി. പ്രതി ചെന്താമരയെ സംരക്ഷിച്ചത് അയാളുടെ കുടുംബമാണെന്ന് മറ്റ് അയല്‍വാസികളും പറഞ്ഞു. പ്രതി മാനസിക രോഗിയെന്ന് വരുത്തി തീര്‍ക്കുന്നത് കുടുംബമാണ്. ആദ്യത്തെ കൊലപാതകത്തിന് ശേഷം ജാമ്യം എടുക്കാന്‍ സഹായിച്ചത് പ്രതിയുടെ കുടുംബമാണ്. പ്രതി വീട്ടില്‍ ആയുധം ഉള്‍പ്പടെ സൂക്ഷിച്ചിരുന്നുവെന്നും അല്‍വാസികള്‍ പറഞ്ഞു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. കഴുത്തറുത്തായിരുന്നു കൊലപാതകം. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷവും ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറഞ്ഞത്. വൈകാതെ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു.
Content Highlights- chenthamara accused of nenmara twin murder become a criminal