മുതിര്‍ന്ന നേതാക്കളെ ഇറക്കി കേരളം പിടിക്കാന്‍ കോണ്‍ഗ്രസ്; കനഗോലു തന്ത്രങ്ങള്‍ മെനയും

മുതിര്‍ന്ന നേതാക്കളെ നേതൃപദവിയില്‍ എത്തിക്കാനുള്ള നിര്‍ണ്ണായക നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്

ആർ റോഷിപാല്‍
1 min read|27 Jan 2025, 02:24 pm
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരം തിരിച്ചു പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ നേതൃ പദവികളിലേക്ക് തിരിച്ച് എത്തിക്കാനാണ് നീക്കം. ജനസമ്മതരായ നേതാക്കളെയാണ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. പരിചയ സമ്പന്നരായ നേതാക്കളിലൂടെ സംഘടന ശക്തിപ്പെടുത്താനാണ് തീരുമാനം. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്കും മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും പ്രധാന ചുമതലകള്‍ നല്‍കും. മുതിര്‍ന്ന പലനേതാക്കള്‍ക്കും ഇപ്പോള്‍ ചുമതലകള്‍ ഇല്ല. ഈ നേതാക്കളുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ ആശയ വിനിമയം നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് നീക്കം. സുനില്‍ കനഗോലുവിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുക.


പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുമ്പോഴും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഭരണ വിരുദ്ധ വികാരത്തിലാണ് നേതൃത്വം പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ ഇരുവരും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് വിമര്‍ശനം. സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കിയതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അതൃപ്തി അറിയിച്ചിരുന്നു. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ കെ സുധാകരനും വി ഡി സതീശനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


മറുഭാഗത്ത് പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് ശ്രമം. സമഗ്ര പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്ന് നേതൃത്വം വിലയിരുത്തുന്നു. പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മുഴുവന്‍ ഭാരവാഹികളേയും മാറ്റാനാണ് ഹൈക്കമാന്റ് തീരുമാനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ദീപാദാസ് മുന്‍ഷി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് അഭിപ്രായം സ്വീകരിച്ചത്. ഇത് സംബന്ധിച്ച് ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

മുതിര്‍ന്ന നേതാക്കളെ നേതൃപദവിയില്‍ എത്തിക്കാനുള്ള നിര്‍ണ്ണായക നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ചുമതലകള്‍ നല്‍കിയാവും നേതൃത്വത്തിലേക്ക് കൊണ്ടുവരിക. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇവരുടെ അനുഭവ സമ്പത്ത് പരമാവധി ഉപയോഗിക്കുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Congress Strategy to occupy seniors in Leadership

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us