
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടിക്ക് എസ്‌ഐടിയുടെ നോട്ടീസ്. വ്യാഴാഴ്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കാൻ എസ്ഐടി ആവശ്യപ്പെട്ടു. എന്നാൽ പ്രത്യേക അന്വേഷണ സംഘം നൽകിയ നോട്ടീസ് അനുസരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കില്ലെന്ന് നടി അറിയിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 183-ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് നിർദേശം. നടി ഉച്ചയ്ക്ക് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ക്രിമിനൽ കേസെടുക്കണമെന്ന ഉദ്ദേശ്യത്തിലല്ല ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നൽകിയതെന്ന് നടി പറഞ്ഞു. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത്. വിഷയത്തിൽ പരാതിയില്ലാത്തതിനാല്‍ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി മൊഴി നല്‍കില്ലെന്നും നടി അറിയിച്ചു.
എസ്ഐടി നോട്ടീസ് നൽകിയ വിവരം നടിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കാനുളള നിർദേശം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. എന്നാൽ മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുത് എന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ മുന്നോട്ട് പോകാൻ താൽപര്യം ഇല്ലാതിരുന്നിട്ടും മൊഴി നൽകാൻ എസ്ഐടി നിർബന്ധിക്കുന്നു എന്ന് കാട്ടിയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താനുളള ഹൈക്കോടതി വിധിക്കെതിരെയുളള ഹർജികളിൽ ഇന്ന് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിറക്കിയിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലാത്തവരുടെ കേസ് നടപടികൾ അവസാനിപ്പിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നുവെന്നാണ് നോട്ടീസ് ലഭിച്ച നടിയുടെ നിലപാടെന്നാണ് സൂചന.
Content Highlights:hema committee report actress testimony