പാലക്കാട്: ജില്ലാ ബിജെപിയിലെ പൊട്ടിത്തെറി സൂക്ഷ്മമായി നിരീക്ഷിച്ച് കെപിസിസി നേതൃത്വം. പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ച ശേഷം കൗൺസിലർമാർ രാജിവച്ചാൽ കെപിസിസി ഉടൻ ഇടപെടാനാണ് തീരുമാനം. വിമതരുമായി വി.കെ ശ്രീകണ്ഠൻ എംപി സംസാരിച്ചു. ആവശ്യമെങ്കിൽ കെപിസിസി സംഘം പാലക്കാട് എത്തും.
നിലവിൽ പൊട്ടിത്തെറിയിൽ ആർഎസ്എസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഇതോടെ തർക്കത്തിൽ സമവായമായതായും സൂചനകളുണ്ട്. അതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തേക്കും. ശേഷം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ ആശങ്ക ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് വിവരം. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അതൃപ്തിയെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു നിലവിലെ ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസിന്റെ പ്രതികരണം.
പുതിയ ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവനെ തിരഞ്ഞെടുത്തതാണ് പാലക്കാട് ബിജെപിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായത്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും അടക്കം 11 കൗണ്‍സിലര്‍മാരാണ് രാജി വെക്കാനൊരുങ്ങിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഇവരുടെ ആക്ഷേപം. രാജിക്കൊരുങ്ങിയ കൗൺസിലർമാരുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നുവെന്നും സൂചനകളുണ്ടായിരുന്നു.
അതേസമയം, ജില്ലാ ബിജെപി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ന് മറുപടി പറയുമെന്ന് നിയുക്ത പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ റിപ്പോർട്ടറിനോട് പറഞ്ഞു. ബിജെപി തനിക്ക് തന്നത് വലിയ അവസരമാണ് നൽകിയത്. പാർട്ടി ഓരോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോഴും പ്രതീക്ഷ വെച്ചുകൊണ്ടാണ് ചെയ്യുക. പാർട്ടി യുവാക്കളിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ സൂചനയാണ് തന്റെ സ്ഥാനാർഥിത്വം. രാജ്യമൊട്ടാകെ ഇത്തരത്തിൽ പുതിയ ആളുകൾക്ക് പാർട്ടി ചുമതലകൾ നൽകുന്നുണ്ട് എന്നും അവസരങ്ങളുടെ കലവറയാണ് ബിജെപി എന്നും പ്രശാന്ത് പറഞ്ഞു. പാലക്കാടുകാർക്ക് തന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെനിന്ന് വന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കികൊടുക്കേണ്ട കാര്യമില്ല എന്നും കൗൺസിലർമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി പ്രശാന്ത് ശിവൻ പറഞ്ഞു.
Content Highlights: KPCC to look at palakkad BJP issue