പാലക്കാട്: പ്രശാന്ത് ശിവനെ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി നിമയിച്ച നടപടിയിൽ എല്ലാവർക്കും ഒരേ ലെവലിൽ സംതൃപ്തി ഇല്ല എന്ന് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ. ചെറിയ വിഷമം പലർക്കും ഉണ്ടാകുമെന്നും എന്നാൽ ബിജെപി ഒരു തീരുമാനമെടുത്താൽ എല്ലാവരും അതിനോടൊപ്പം നിൽക്കുമെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
ഏറെ വിവാദമായിരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാത്ഥിത്വത്തെയും കെ എസ് രാധാകൃഷ്ണൻ പ്രസംഗത്തിൽ പരാമർശിച്ചു. കൃഷ്ണകുമാർ മത്സരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പാർട്ടി പറഞ്ഞതുകൊണ്ടാണ് മത്സരിച്ചത് എന്നായിരുന്നു രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. കൃഷ്ണകുമാർ ജാതകം ഒന്നു നോക്കണമെന്നും ഇത്രെയേറെ തെറി കേൾക്കാനുള്ള വിധി എങ്ങനെ ഉണ്ടായെന്ന് അറിയണമെന്നും രാധാകൃഷ്ണൻ തമാശരൂപേണ പറഞ്ഞു.
അതേസമയം, പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ. 32 വയസിൽ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ 35 വയസുകാരൻ ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല എന്നും സുരേന്ദ്രൻ ആവർത്തിച്ചു.
നേരത്തെയും പാലക്കാട്ടെ വിമത വിഷയത്തിൽ സമവായം വേണ്ടെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.