പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര സ്വന്തം വീട്ടില്‍ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്. ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദാക്കാൻ കോടതിയെ സമീപിച്ചിരുന്നില്ല. ജാമ്യ ഇളവിൻ്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.
ഇന്ന് രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.
ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. അതേസമയം ചെന്താമരയ്ക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേയ്ക്കും വ്യാപിച്ചു. പ്രതി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നീക്കം.
content highlight- Pothundi murder; Serious lapse on the part of the police, no action was taken even though the defendant violated the condition and stayed in the panchayat