കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ജാമ്യാപേക്ഷയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക.
വ്യാജ കേസാണിതെന്നും തനിക്കെതിരെ അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും കൂട്ടിക്കല്‍ ജയചന്ദ്രൻ വാദിച്ചെങ്കിലും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ബന്ധുക്കള്‍ തമ്മിലുള്ള പകയാണ് കാരണമെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഈ വാദങ്ങള്‍ നേരത്തെ ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ച് വർഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Content Highlights:The Supreme Court will consider the anticipatory bail plea of POCSO accused actor Kootikal Jayachandran today