
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണം തെറ്റെന്ന് ഡീൻ കുര്യാക്കോസ് എം പി. സ്ഥലപരിശോധന നടത്തിയല്ല ഇപ്പോൾ കോടതി നടത്തിയ നിരീക്ഷണം. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയിൽ നിന്ന് നീതി ലഭിച്ചിട്ടില്ല. മേൽനോട്ട സമിതി പലപ്പോഴും തമിഴ്നാടിന് ഗുണമുളള നിലപാട് സ്വീകരിച്ചു. ഇന്നത്തെ സുപ്രീംകോടതി പരാമർശം ജഡ്ജി മനസ്സിലാക്കാതെ നടത്തിയതാണെന്നും എം പി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം വിഷയം ഡാം സേഫ്റ്റി അതോറിറ്റിയുടെ കീഴിലാക്കിയിട്ടുണ്ട്. തർക്കങ്ങൾ പരിഹരിക്കാൻ ഡാം സേഫ്റ്റി അതോറിറ്റിക്ക് സാധിക്കും. അതിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഇപ്പോൾ കേരളത്തിന് ആശ്വാസകരമായ അവസ്ഥയാണുളളതെന്നും ഡീൻ കുര്യാക്കോസ് എം പി കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് വെറും ആശങ്ക മാത്രമാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. 135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചതാണെന്നും സുപ്രീംകോടതി പരാമർശിച്ചു.
ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് വാക്കാല്‍ പരാമര്‍ശം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
Content Highlights: Dean Kuriakose on Supreme Court Observation About Mullaperiyar Dam