കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പൊലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് സനല്‍കുമാറിനെതിരെ കേസെടുത്തിരുന്നു.
നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തത്. സനല്‍കുമാര്‍ ശശിധരന്‍ നിലവിൽ വിദേശത്താണുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്ന് കൊച്ചി പൊലീസ് അറിയിച്ചു. നിയമവഴികളിലൂടെ ബന്ധപ്പെട്ട് നടപടിയെടുക്കാനാണ് തിരൂമാനം. നടിക്കെതിരെ സനല്‍കുമാര്‍ ശശിധരൻ ഷെയര്‍ ചെയ്ത പോസ്റ്റില്‍ നടി അപകീര്‍ത്തി ആരോപിക്കുകയാണെങ്കിൽ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐ പി എസ് പറഞ്ഞു.
2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Content Highlights: Look out circular against director Sanalkumar Sasidharan