'കിട്ടിയാൽ വെറുതെ വിടില്ല, തല്ലിക്കൊല്ലും; കൈയിൽ വടികളുമായി ചെന്താമരയെ തിരഞ്ഞ് നാട്ടുകാർ

'ഇത് തമാശ കളിയല്ല. ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാമെന്ന് ചെന്താമര കരുതേണ്ട'

dot image

നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ തിരഞ്ഞ് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിക്കാരാണ് ചെന്താമരയെ തിരഞ്ഞിറങ്ങിയത്. നേരത്തേ ചെന്താമരയെ ഈ പ്രദേശത്ത് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. ചെന്താമരയെ കിട്ടിയാല്‍ വെറുതെ വിടില്ലെന്നും തല്ലിക്കൊല്ലുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത് തമാശ കളിയല്ല. ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാമെന്ന് ചെന്താമര കരുതേണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

മാട്ടായിയില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു. നാല് ടീമായി തിരിഞ്ഞാണ് പരിശോധനയ്ക്ക് ഇറങ്ങുന്നത്. ബോയര്‍ നഗര്‍ മേഖലയിലും മാട്ടായി മേഖലയിലും പരിശോധന നടക്കുന്നുണ്ട്. വനമേഖലയായതിനാലും വെളിച്ചം കുറവാണ് എന്നുള്ളതും തിരച്ചിലിന് വെല്ലുവിളിയാണ്. ചെന്താമര പോത്തുണ്ടിയില്‍ ജനിച്ചു വളര്‍ന്ന ആളാണ്. അയാള്‍ക്ക് സ്ഥലങ്ങള്‍ അറിയാം. മാട്ടായിയുടെ താഴ്ഭാഗം നെല്ലിക്കാടാണ്. അവിടെ നിറയെ കൃഷിയിടങ്ങളാണ്. തെങ്ങിന്‍തോപ്പും നെല്‍കൃഷികളുമടക്കമുണ്ട്. ഒറ്റപ്പെട്ട വീടുകളുള്ള പ്രദേശം കൂടിയാണിത്. അവിടെയെല്ലാം ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ട്. മാട്ടായിയുടെ മറ്റൊരു ഭാഗം കൊടുംകാടാണ്. അവിടേയ്ക്ക് ചെന്താമര കടന്നുചെല്ലാനുള്ള സാധ്യത കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് പരാതി വിലക്കെടുത്തില്ലെന്നും സുധാകരന്റെ മകള്‍ പറഞ്ഞിരുന്നു.

Content Highlights- mattayi natives search for accused chenthamara near forest area

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us