
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും സുധാകരൻ്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി.
ഇതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന് ഉറപ്പായതായി പൊലീസ് വെളിപ്പെടുത്തി.
അതേ സമയം, കൊലപാതകത്തിൽ അന്വേഷണ സംഘം പ്രതി ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തുമെന്ന് അറിയിച്ചു. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ഈ കുളത്തിനടുത്താണ്. ഇതേ തുടർന്നാണ് കുളത്തിൽ തിരച്ചിൽ നടത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാവും തിരച്ചിൽ നടത്തുക.
പ്രതിയായ ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.
ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.
content highlight- Nenmara double murder inquest report out.